July 24th 2021
വൃക്ക മാറ്റിവയ്ക്കുന്നത് മൂന്നാം തവണ; 47കാരന് വിപിഎസ് ലേക്‌ഷോറിൽ പുതുജീവൻ
പെരുമ്പാവൂർ സ്വദേശി തോമസ് മാത്യുവിന് (47) 2003ൽ, 29-ആം വയസ്സിലാണ് ആദ്യം വൃക്കമാറ്റിവച്ചത്. പിന്നീട് മൂന്ന് വർഷത്തിന് ശേഷം വീണ്ടും മാറ്റിവയ്‌ക്കേണ്ടിവന്നു. 15 വർഷത്തോളം പുതിയ വൃക്ക തോമസിന് ജീവിതം നീട്ടിക്കൊടുത്തു. മാറ്റിവച്ച വൃക്കയുടെ കാലാവധി തീർന്നതിനാൽ ജീവിതം മുന്നോട്ട് പോകണമെങ്കിൽ ഡയാലിസിസ് അല്ലെങ്കിൽ വീണ്ടും വൃക്ക മാറ്റിവയ്ക്കുക എന്ന രണ്ടുവഴികളായിരുന്നു തോമസിന്റെ മുന്നിൽ ഉണ്ടായിരുന്നത്. സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നതിലും നല്ലത് അവയവമാറ്റമാണെന്നതിനെത്തുടർന്ന് വിപിഎസ് ലേക്‌ഷോർ ആശുപത്രിയിൽ നടത്തിയ വൃക്കമാറ്റ ശസ്ത്രക്രിയയിലൂടെ തോമസിന് പുതിയ ജീവിതം ലഭിച്ചിരിക്കുകയാണ്. ആവർത്തിച്ചുള്ള അവയവമാറ്റ ശസ്ത്രക്രിയയുടെ അപകട സാധ്യതതകൾ മുന്നിലുണ്ടായിട്ടും ഡോ. ജോർജി കെ നൈനാൻ, ഡോ. ജോർജ് പി എബ്രഹാം, ഡോ. ഡാറ്റ്സൺ ജോർജ് പി, ഡോ. വിനീത്, ഡോ. മോഹൻ മാത്യു, ,ഡോ. മുഹമ്മദ് അസ്‌ലം എന്നിവരുൾപ്പെടെ നെഫ്രോളജി, യൂറോളജി, അനസ്തേഷ്യ വിഭാഗങ്ങൾ ചേർന്ന് നൽകിയ കൃത്യമായ ചികിത്സയിലൂടെയും പരിചരണത്തിലൂടെയും തോമസ് ഇപ്പോൾ പൂർണ ആരോഗ്യവാനാണ്.
"മാറ്റിവയ്ക്കുന്ന വൃക്കയുടെ ജീവിതകാലാവധി ശരാശരി 12-15 വർഷമാണ്. മാറ്റിവച്ച കിഡ്‌നിയുമായി 15 വർഷത്തോളമാണ് തോമസ് ജീവിച്ചത്. വൃക്കയുടെ പ്രവർത്തന കാലാവധി കഴിഞ്ഞതിനാൽ സ്വഭാവികമായി ശരീരം തിരസ്കരിക്കുകയായിരുന്നു. വൃക്കമാറ്റിവയ്ക്കണമെന്നു തോമസ് തന്നെയാണ് ആവശ്യപ്പെട്ടതും, കാരണം സ്ഥിരമായി ഡയാലിസിസ് ചെയ്യുന്നതിലും മികച്ച ജീവിതനിലവാരം അത് ഉറപ്പാക്കുന്നു. ഒരിക്കൽക്കൂടി മാറ്റിവച്ചതിലൂടെ തോമസിന് വീണ്ടും സാധാരണ ജീവിതം സാധ്യമായിരിക്കുകയാണ്", എന്ന് നെഫ്രോളജി വിഭാഗം സീനിയർ കൺസൽട്ടൻറ് ഡോ. ജോർജി കെ നൈനാൻ പറഞ്ഞു.