860 ഡയാലിസിസിനു ശേഷം ബാബുവിനും 7 വര്‍ഷത്തെ ചികിത്സയ്ക്കൊടുവില്‍ സിന്ധുവിനും ഇത് പുനര്‍ജന്മം
September 11th 2020

860 ഡയാലിസിസിനു ശേഷം ബാബുവിനും 7 വര്‍ഷത്തെ ചികിത്സയ്ക്കൊടുവില്‍ സിന്ധുവിനും ഇത് പുനര്‍ജന്മം.

കൊച്ചി: കഴിഞ്ഞ മാസം 22-ന് കുഴഞ്ഞുവീണ് മസ്തിഷ്‌ക മരണം സംഭവിച്ച സാമൂഹ്യപ്രവര്‍ത്തകന്‍ കണ്ണൂര്‍ മട്ടന്നൂര്‍ കൊതേരി കപ്പണയില്‍ ടി. ബൈജുവിന്റെ (37) കരള്‍, രണ്ട് വൃക്കകള്‍, രണ്ട് കണ്ണുകള്‍ എന്നിവ ദാനം ചെയ്യുകയും ശസ്ത്രക്രിയകളിലൂടെ അവ അഞ്ചു പേര്‍ക്ക് പുതുജീവന്‍ നല്‍കുകയും ചെയ്തത് വാര്‍ത്തയായിരുന്നു. അക്കൂട്ടത്തില്‍ വൃക്കകള്‍ സ്വീകരിച്ച ആലപ്പുഴ ചാത്തനാട് സ്വദേശി ബാബുവും (56) മലപ്പുറം ചങ്ങരംകുളം സ്വദേശി സിന്ധുവും (44) അതിനു വേണ്ടി നടത്തിയ നീണ്ടകാത്തിരിപ്പുകളും കടന്നുപോന്ന പരീക്ഷണങ്ങളുമാണ് മരണശേഷവും അറിയാതെ ചെയ്ത സാമൂഹ്യസേവനത്തിന് തിളക്കമേറ്റുന്നത്. വൃക്കരോഗ വിദഗ്ധന്‍ ഡോ. ജോര്‍ജി കെ നൈനാന്റെ കീഴില്‍ കഴിഞ്ഞ 9 വര്‍ഷമായി ചികിത്സ നടത്തുന്ന ബാബു അഞ്ചര വര്‍ഷമാണ് സര്‍ക്കാരിന്റെ മൃതസഞ്ജീവനി പദ്ധതിയില്‍ പേരു ചേര്‍ത്ത് ഒരു വൃക്കദാതാവിനായി കാത്തിരുന്നത്. ഇക്കാലത്തിനിടെ 860 ഡയാലിസിസും അദ്ദേഹം പൂര്‍ത്തിയാക്കി. ഒടുവില്‍ ഓഗസ്റ്റ് 23-ന് കൊച്ചി വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റലില്‍ വെച്ചു നടന്ന ശസ്ത്രക്രിയയിലൂടെ വൃക്ക സ്വീകരിച്ചപ്പോള്‍ ബാബുവിന് അത് അക്ഷരാര്‍ത്ഥത്തില്‍ ഒരു പുനര്‍ജന്മമാവുകയായിരുന്നു. ശസ്ത്രക്രിയയെത്തുടര്‍ന്ന് ആരോഗ്യം വീണ്ടെടുത്ത ബാബു സെപ്റ്റംബര്‍ 5ന് ആശുപത്രി വിട്ടു.

ബാബുവിനെപ്പോലെ തന്നെ നീണ്ടകാത്തിരിപ്പിന്റെ കഥയാണ് സിന്ധു അശോക് കുമാറിനും പറയാനുള്ളത്. 2013 മുതല്‍ വൃക്കരോഗത്തിന് ഡോ. എബി ഏബ്രഹാമിന്റെ ചികിത്സയിലായിരുന്ന സിന്ധുവിന്റെ വൃക്കമാറ്റ ശസ്തക്രിയയും ഓഗസ്റ്റ് 23-നു തന്നെ വിജയകരമായി പൂര്‍ത്തിയായിരുന്നു. തുടര്‍ന്ന് സെപ്റ്റംബര്‍ 8ന് സിന്ധുവും ആശുപത്രിയി വിട്ടു. ഓഗസ്റ്റ് 24-ന് രാവിലെ  ലേക്ക്‌ഷോറിലെത്തിച്ച വൃക്കകള്‍ 7 മണി മുതല്‍ 2-30 വരെ നീണ്ടുനിന്ന ശസ്ത്രക്രിയകളിലൂടെയാണ് രണ്ടു പേര്‍ക്കും ട്രാന്‍സ്പ്ലാന്റ് ചെയ്തതെന്ന് ചീഫ് ട്രാന്‍സ്പ്ലാന്റ് സര്‍ജനും യൂറോളജിസ്റ്റുമായ ഡോ. ജോര്‍ജ് പി ഏബ്രഹാം പറഞ്ഞു. അദ്ദേഹത്തോടൊപ്പം യൂറോളജിസ്റ്റ് ഡോ ഡാറ്റ്സണ്‍ ജോര്‍ജ്, അനസ്തീഷ്യോളജിസ്റ്റ് ഡോ. ജയ സൂസന്‍ ജേക്കബ് എന്നിവരും വിപിഎസ് ലേക്ക്ഷോറില്‍ നടന്ന ട്രാന്‍സ്പ്ലാന്റുകളുടെ ഭാഗമായി. ഈ കോവിഡ് കാലത്തും ഉയര്‍ന്ന സുരക്ഷിതത്വത്തോടെ ഇത്തരം ജീവന്‍രക്ഷാ ശസ്ത്രക്രിയകള്‍ വിജയകരമായി നടത്താനാവുന്നതില്‍ ഏറെ അഭിമാനമുണ്ടെന്ന് വിപിഎസ് ലേക്ക്ഷോര്‍ ഹോസ്പിറ്റല്‍ സിഇഒ എസ് കെ അബ്ദുള്ള പറഞ്ഞു.