January 29th 2024

വിപിഎസ് ലേക്ഷോറിന് ദേശീയ അംഗീകാരം

കൊച്ചി: രാജ്യത്തെ മികച്ച ബാരിയാട്രിക് ശസ്ത്രക്രിയ കേന്ദ്രങ്ങളിൽ ഒന്നായി കൊച്ചി വിപിഎസ് ലേക്ഷോറിനെ തെരഞ്ഞെടുത്ത് ഒബിസിറ്റി & മെറ്റബോളിക് സർജറി സൊസൈറ്റി ഓഫ് ഇന്ത്യ. കേരളത്തിൽ ഈ അംഗീകാരം ലഭിക്കുന്ന ആദ്യ ആശുപത്രിയാണ് വിപിഎസ് ലേക്ഷോർ.

ജീവിതശൈലീ രോഗങ്ങളുടെ പ്രധാനകാരണമായ അമിതവണ്ണം, അതുമൂലം ഉണ്ടാകുന്ന പ്രമേഹം ഉൾപ്പെടെയുള്ള രോഗങ്ങൾ പരിഹരിക്കുന്ന ബാരിയാട്രിക് ശസ്ത്രക്രിയയിലെ മികവ് കണക്കിലെടുത്താണ് "സെന്റർ ഓഫ് എക്സലൻസ് ഇൻ ബാരിയാട്രിക് & മെറ്റബോളിക് സർജറി" അംഗീകാരം ആശുപത്രിയ്ക്ക് ലഭിച്ചത്.

ഡോ. ആർ പദ്മകുമാറിന്റെ നേതൃത്വത്തിലുള്ള മിനിമലി ഇൻവേസീവ് ശസ്ത്രക്രിയ വിഭാഗത്തിന്റെ പ്രവർത്തന മികവാണ് അവാർഡ് ക്ക് നയിച്ചത്. വിവിധതരം ബാരിയാട്രിക്, മെറ്റബോളിക് ശസ്ത്രക്രിയകൾ പ്രാവീണ്യത്തോടെയും പാർശ്വഫലമില്ലാതെയും ചെയ്തതിന്റെ രേഖകൾ സ്ക്രീനിങ് കമ്മിറ്റി വിലയിരുത്തിയതിന്റെ അടിസ്ഥാനത്തിലാണ് ഈ അംഗീകാരത്തിന് ആശുപത്രിയെ യോഗ്യമാക്കിയത്.

" വിപിഎസ് ലേക്ഷോറിന് ലഭിച്ച ഈ നേട്ടം അളവറ്റ അഭിമാനവും സന്തോഷവും നൽകുന്നു. മികച്ച രോഗീപരിചരണത്തോടുള്ള ഞങ്ങളുടെ പ്രതിബദ്ധത ഇത് ഊർജ്ജിതമാക്കുന്നു", ആശുപത്രി മാനേജിംഗ് ഡയറക്ടർ എസ് കെ അബ്ദുള്ള പറഞ്ഞു.

ഡോ. ആർ പദ്മകുമാർ, ഡോ. മധുകര പൈ, ഡോ. റിസൺ രാജൻ, ഡോ. ആദർശ്, എന്നിവർ മിനിമലി ഇൻവേസീവ് വിഭാഗത്തിൽ സേവനം നടത്തിവരുന്നു.